വിൽസൺ (നോർത്ത് കരോളിന): അമേരിക്കയിലെ നോർത്ത് കരോളിന സംസ്ഥാനത്ത് വിൽസൺ കൗണ്ടി കോടതിമുറ്റത്ത് തിങ്കളാഴ്ച നടന്ന വെടിവയ്പിൽ 19 വയസുകാരിക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ അബ്ദുൽ കരീം മുസ്തഫയെ (21) പോലീസ് അറസ്റ്റ് ചെയ്തു.
കോടതിക്ക് മുന്നിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന മുസ്തഫ, കോടതിയിലേക്ക് പ്രവേശിക്കുകയായിരുന്ന യുവതിയുടെ സമീപത്തെത്തി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിന്റെയും നേരെയും പ്രതി വെടിയുതിർത്തു. ഏറ്റുമുട്ടലിൽ ഒരു വിൽസൺ പോലീസ് ഉദ്യോഗസ്ഥനും ഒരു വിൽസൺ കൗണ്ടി ഷെറിഫ് ഡെപ്യൂട്ടിക്കും പരിക്കേറ്റു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
വെടിവയ്പിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സമീപപ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.